ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രം, മാരായിക്കോട് - വിശേഷ ദിനങ്ങള്‍.

ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രം, മാരായിക്കോട് - വിശേഷ ദിനങ്ങള്‍ : ശിവരാത്രി - 2012 February 20 (1187 കുംഭമാസം 7) തിങ്കളാഴ്ച

Friday, September 30, 2011

ഉച്ചക്ഷേത്രം, മൂലത്രികോണക്ഷേത്രം, നീച്ചക്ഷേത്രം


ആദിത്യാദി ഗ്രഹങ്ങള്‍ക്ക്‌ മേല്‍ വിവരിച്ച സ്വക്ഷേത്രങ്ങള്‍ക്ക് പുറമേ ഉച്ചക്ഷേത്രം, മൂലത്രികോണക്ഷേത്രം, അതിബന്ധുക്ഷേത്രം, ബന്ധുക്ഷേത്രം, സമക്ഷേത്രം, ശത്രുക്ഷേത്രം, നീച്ചക്ഷേത്രം എന്നിങ്ങനെയുള്ള സ്ഥാന വ്യത്യാസങ്ങളും ഉണ്ട്.
ആദിത്യന് മേടവും, ചന്ദ്രന് ഇടവവും, കുജന് മകരവും, ബുധന് കന്നിയും, ശുക്രന് മീനവും, വ്യാഴത്തിനു കര്‍ക്കിടകവും, ശനിക്കു തുലാവും ഉച്ചരാശികള്‍ ആകുന്നു.



അതുപോലെതന്നെ ആദിത്യന് ചിങ്ങവും, ചന്ദ്രന് ഇടവവും, കുജന് മേടവും, ബുധന് കന്നിയും, വ്യാഴത്തിനു ധനുസ്സും, ശുക്രന് തുലാവും, ശനിക്കു കുംഭവും മൂലത്രികോണരാശികള്‍ ആകുന്നു.

സൂര്യാദി ഗ്രഹങ്ങള്‍ക്ക്‌ ഉച്ചരാശികളും മൂലത്രികോണരാശികളും പറയുന്നു എങ്കിലും പ്രസ്തുത രാശികളില്‍ നില്‍ക്കുന്ന മുഴുവന്‍ കാലവും ഉച്ചമായിട്ടോ മൂലത്രികോണമായിട്ടോ കണക്കാക്കാന്‍ പാടില്ല. അതായത് ആദിത്യന് മേടത്തില്‍ പത്താം ഭാഗവും, ചന്ദ്രന് ഇടവത്തില്‍ മൂന്നാം ഭാഗവും, കുജന് മകരത്തില്‍ ഇരുപത്തിഎട്ടാം ഭാഗവും, ബുധന് കന്നിയില്‍ പതിനഞ്ചാം ഭാഗവും, ഗുരുവിനു കര്‍ക്കിടകത്തില്‍ അഞ്ചാം ഭാഗവും, ശുക്രന് മീനത്തില്‍ ഇരുപത്തിയേഴാം ഭാഗവും, ശനിക്കു തുലാത്തില്‍ ഇരുപതാം ഭാഗവും വരെ അത്യുച്ചമായും നിര്‍ദ്ദിഷ്ടഭാഗങ്ങള്‍ ഉച്ചമായും കണക്കാക്കിക്കൊള്ളുകയും, അതുപോലെതന്നെ ആദിത്യന് ചിങ്ങത്തില്‍ ഇരുപതു ഭാഗം വരെയും, ചന്ദ്രന് ഇടവത്തില്‍ മൂന്നു ഭാഗം കഴിഞ്ഞതിനു ശേഷമുള്ള ഇരുപത്തിയേഴു ഭാഗം വരെയും, കുജന് മേടത്തില്‍ പണ്ട്രണ്ടു ഭാഗം വരെയും, ബുധന് കന്നിയില്‍ അത്യുച്ചതിനു ശേഷം അഞ്ചു ഭാഗം വരെയും, ഗുരുവിനു ധനുസ്സില്‍ പത്ത് ഭാഗം വരെയും, ശുക്രന് തുലാത്തില്‍ അഞ്ചു ഭാഗം വരെയും, ശനിക്കു കുംഭത്തില്‍ ഇരുപതു ഭാഗം വരെയും മൂലത്രികോണരാശികള്‍ ആകുന്നു.

മേല്‍പറയപ്പെട്ട ഗ്രഹങ്ങളുടെ ഉച്ചരാശികളുടെ ഏഴാം രാശികള്‍ അവരുടെ നീചരാശികളും ഉച്ച രാശികള്‍ക്ക് പറയപ്പെട്ട ഭാഗങ്ങള്‍ നീച്ചങ്ങളും ആകുന്നു.


സൗര്യരാശ്യാധിവിഭജനം

ജ്യോതിശ്ചക്രത്തില്‍ ചിങ്ങം മുതല്‍ മകരം വരെയുള്ള ആറു രാശികള്‍ സൗരരാശികളെന്നും അവയ്ക്ക് സൂര്യന്‍ നാഥനും, കര്‍ക്കിടകം മുതല്‍ പ്രതിലോമമായി കുംഭം വരെയുള്ള ആറു രാശികള്‍ ചന്ദ്രരാശികളെന്നും അവയ്ക്ക് ചന്ദ്രന്‍ നാഥനും ആകുന്നു. എന്നാല്‍ ഭരണ സൗകര്യാര്‍ഥം ആദിത്യചന്ദ്രന്മാര്‍ തങ്ങള്‍ക്കധികാരമുള്ള ബാക്കി രാശികളെ കുജാദി മറ്റു ഗ്രഹങ്ങള്‍ക്കായി വീതിച്ചു കൊടുത്തു.

ആദിത്യന്‍ ആഗ്നേയനും ചന്ദ്രന്‍ സൗമ്യനും ആയതിനാല്‍ ആദിത്യന്റെ അധിപത്യത്തിലുള്ള ചിങ്ങം മുതല്‍ മകരം വരെയുള്ള ആറു രാശികളും ആഗ്നേയരാശികളെന്നും, ചന്ദ്രന്റെ ആധിപത്യത്തിലുള്ള കര്‍ക്കിടകം മുതല്‍ പ്രതിലോമമായി കുംഭം വരെയുള്ള ആറു രാശികളെ സൗമ്യരാശികളെന്നും പേര്‍ പറയുന്നു.

Thursday, September 29, 2011

രാശ്യാധിപന്മാര്‍

ആദിത്യന്‍ മുതല്‍ ശനി വരെയുള്ള ഏഴു ഗ്രഹങ്ങളും മേല്‍വിവരിച്ച പന്ത്രണ്ടു രാശികളുടേയും ഉടമസ്ഥത വഹിക്കുന്നു. അതായത് സൂര്യന്‍ ചിങ്ങം രാശിക്കും, ചന്ദ്രന്‍ കര്‍ക്കിടകം രാശിക്കും, കുജന്‍ (ചൊവ്വ) മേടം വൃശ്ചികം രാശികള്‍ക്കും, ബുധന്‍ മിഥുനം കന്നി രാശികള്‍ക്കും, ഗുരു (വ്യാഴം) ധനു മീനം രാശികള്‍ക്കും, ശുക്രന്‍ ഇടവം തുലാം രാശികള്‍ക്കും, ശനി മകരം കുംഭം രാശികള്‍ക്കും ഉടമസ്ഥതാവകാശം ഉള്ള ഗ്രഹങ്ങള്‍ അഥവാ ജ്യോതിര്‍ഗോളങ്ങള്‍ ആകുന്നു. ചുരുക്കി പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ ക്രമത്തില്‍ അതാതു രാശികള്‍ അതാതു ഗ്രഹങ്ങളുടെ സ്വക്ഷേത്രങ്ങള്‍ ആകുന്നു. 


നവഗ്രഹങ്ങള്‍

  1. ആദിത്യന്‍ (സൂര്യന്‍ / രവി)
  2. ചന്ദ്രന്‍
  3. ചൊവ്വ
  4. ബുധന്‍
  5. വ്യാഴം (ഗുരു)
  6. ശുക്രന്‍ (കുജന്‍)
  7. ശനി
  8. രാഹു
  9. കേതു

Wednesday, September 28, 2011

രാശിചക്രം വരയ്ക്കേണ്ട ക്രമം

കിഴക്കു പടിഞ്ഞാറ് അഞ്ചു രേഖകളും അതിന്മേല്‍ മട്ടകോണ്‍ ആയി അഞ്ചു രേഖകളും കൂടി വരച്ചുകിട്ടുന്നതില്‍ നടുക്കുള്ള നാല് ഖണ്ഡങ്ങള്‍ ഒന്നാക്കുമ്പോള്‍ ക്രമേണ കിഴക്കുള്ള ഖണ്ഡം തുടങ്ങി 12 ഖണ്ഡങ്ങളില്‍ മേഷാദിമീന പര്യന്തങ്ങളായ രാശി സ്ഥാനങ്ങള്‍ കിട്ടും. അവകള്‍ താഴെ കാണിക്കുന്നു.



Saturday, September 24, 2011

രാശിചക്രം

മേടം മുതല്‍ മീനം വരെ പന്ത്രണ്ടു രാശികളും അശ്വതി മുതല്‍ രേവതി വരെ ഇരുപത്തിഏഴു നക്ഷത്രങ്ങളും ചേര്‍ന്നതാണ് രാശിചക്രം.

രാശികള്‍
  1. മേടം
  2. ഇടവം
  3. മിഥുനം
  4. കര്‍ക്കിടകം
  5. ചിങ്ങം
  6. കന്നി
  7. തുലാം
  8. വൃശ്ചികം
  9. ധനു
  10. മകരം
  11. കുംഭം
  12. മീനം
നക്ഷത്രങ്ങള്‍
  1. അശ്വതി
  2. ഭരണി
  3. കാര്‍ത്തിക
  4. രോഹിണി
  5. മകയിരം
  6. തിരുവാതിര
  7. പുണര്‍തം
  8. പൂയം
  9. ആയില്യം
  10. മകം
  11. പൂരം
  12. ഉത്രം
  13. അത്തം
  14. ചിത്തിര
  15. ചോതി
  16. വിശാഖം
  17. അനിഴം
  18. കേട്ട
  19. മൂലം
  20. പൂരാടം
  21. ഉത്രാടം
  22. തിരുവോണം
  23. അവിട്ടം
  24. ചതയം
  25. പൂരുരുട്ടാതി
  26. ഉത്രട്ടാതി
  27. രേവതി

ഹരിഃ ശ്രീ ഗണപതയേ നമഃ

യസ്യോദയേ ജഗദിദം പ്രതിബോധമേതി
മധ്യസ്ഥിതേ പ്രസരതി പ്രകൃതിഃ ക്രിയാസു
അസ്തംഗതേ സ്വപിതി ചോച്ഛവസിതൈകമാത്രം
ഭാനുസ്സ ഏഷ ജയതി പ്രകടപ്രഭാവഃ